Kerala
ആലപ്പുഴ: ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും ബാധിക്കാതെ ഗ്യാസ് എരിയുന്ന അടുക്കളയുണ്ട് ആറാട്ടുവഴിയിൽ. ആറാട്ടുവഴി സിഖ് ജംഗ്ക്ഷനു സമീപം കാർത്തികയിൽ രമേശൻ-രത്നമ്മ ദമ്പതികളുടെ വീട്ടിലാണു 2011 മുതൽ സ്വയം പര്യാപ്തമായ പ്രകൃതിവാതകം ലഭിക്കുന്നത്. ഇവിടെ 15 വർഷമായി ഗ്യാസ് സ്റ്റൗ എരിയുന്നത് ഒരു രൂപ ചെലവില്ലാതെയാണ്.
ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും കാരണം ഹോട്ടലുകൾ പൂട്ടി പല അടുക്കളകളിലും തീ അണഞ്ഞപ്പോളും ഈ വീട്ടിലെ അടുക്കളയിലെ ഗ്യാസ് അടുപ്പുകൾ തടസമില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ വീട് പണിത ശേഷം 2011 നവംബർ ഏഴിന് കുഴൽക്കിണർ കുഴിച്ചപ്പോഴായിരുന്നു ഈ സൗഭാഗ്യം രത്നമ്മയ്ക്കും കുടുംബത്തിനും ലഭിച്ചത്.
വീട്ടിൽ അഞ്ച് മീറ്റർ ആഴത്തിൽ ഒരു കുഴൽക്കിണർ ഉണ്ടായിരുന്നെങ്കിലും വരുന്നതു കലങ്ങിയ വെള്ളമായിരുന്നു. അതിനാലാണ് 20 മീറ്റർ ആഴത്തിൽ പുതിയതൊന്നു കുഴിച്ചത്. എന്നാൽ, കുഴിയിൽനിന്നു പ്രകൃതിവാതകമാണു പുറത്തേക്കുവന്നത്. പൈപ്പ് ഊരിയെടുത്ത ശേഷം വെൽഡ് ചെയ്യാൻ തീ കത്തിച്ചപ്പോൾ പെട്ടെന്നു തീ പടർന്നു. ഒരാഴ്ചയോളം ആ തീ അണഞ്ഞില്ല.
ഭൂജല വകുപ്പിൽനിന്നും എണ്ണക്കമ്പനികളിൽനിന്നുമെല്ലാം വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം ഇതു പ്രകൃതിവാതകമാണെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു. അങ്ങനെ കുഴൽ വഴി വാതകം അടുക്കളയിലേക്ക് എത്തിച്ചു. കുഴിക്കു സമീപം പുതിയൊരു അടുക്കളകെട്ടി കുഴിയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാൻ പൈപ്പിൽ റഗുലേറ്ററും സ്ഥാപിച്ചു.
അതിശക്തമായ മഴക്കാലത്തു പ്രകൃതിവാതകത്തിന്റെ അളവ് നേരിയ തോതിൽ കുറയുമെങ്കിലും മഴയുടെ ശക്തി കുറയുന്നതോടെ ഗ്യാസ് ലഭ്യതയും പൂർവസ്ഥിതി പ്രാപിക്കും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഒരു എൽപിജി സിലിണ്ടർ കരുതിവയ്ക്കുമെന്നും രത്നമ്മ പറയുന്നു. ഒരു വർഷം മുൻപെടുത്ത സിലിണ്ടർ അനങ്ങാതെ വീട്ടിലിരിപ്പുണ്ട്.
ഈ മേഖലയിൽ ഭൂഗർഭത്തിൽ പ്രകൃതിവാതകം ഉണ്ടെന്നും കുഴിച്ചപ്പോൾ ഈ വാതകം പുറത്തേക്കു വന്നതാകാമെന്നുമാണ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പറയുന്നത്.
District News
തൊടുപുഴ: പാചകവാതകക്ഷാമംമൂലം അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കുന്നതിനും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ജീവിതമാര്‍ഗം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. തൊടുപുഴ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു.
കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി എം.എസ്. അജി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയന് ജോസഫ്, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മായ സുനില്‍, ജില്ലാ സെക്രട്ടറി സാജു ജോസഫ്, മുഹമ്മദ് ഷാജി, പി.എം. ജോണ്‍, പി.കെ. മോഹനന്, ഗിരീഷ്കുമാര്‍, പി.ജെ. ജോസ്, ഷാജി തേക്കടി കഫെ എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹോട്ടൽ സംഘടന. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ അറിയിക്കുന്നത്.